കോഴിക്കോട്: താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ രണ്ടാമത്തെ വീഡിയോ പുറത്ത്. സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്ന് ഷാഫി വീഡിയോയില്‍ ആരോപിക്കുന്നു. തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് ഇത് ചെയ്തതെന്നും ഷാഫി പറയുന്നു.
നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതിൽ പറയുന്നുണ്ട്. ഇസ്‍ലാം മതവിശ്വാസ പ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് പുറത്തുവന്ന വീഡിയോയിൽ ഷാഫി ആരോപിക്കുന്നത്.
വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. വീഡിയോ ചിത്രീകരിച്ചതാരാണെന്നും ഇതിനു പിന്നിലെ ഉദ്ദേശവും പോലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഷാഫിയെ കൊണ്ട് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യിക്കുന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിലെ അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമമാകാമിതെന്ന് പോലീസ് സംശയിക്കുന്നു.
ഇതിനു മുമ്പ് പുറത്തു വിട്ട വീഡിയോയില്‍ താൻ വിദേശത്തു നിന്നും 80 കോടിയോളം രൂപ വിലമതിക്കുന്ന 325 കിലോ സ്വർണം കടത്തിയിരുന്നെന്നും അത് തട്ടിയെടുക്കാൻ വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടുവന്നതെന്നും ഉടൻ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ബന്ധുക്കൾക്കുള്ള മുന്നറിയിപ്പെന്ന തരത്തിലായിരുന്നു ഇന്നലത്തെ വീഡിയോ. ഇന്നതിൽ നിന്ന് വ്യത്യസ്തമായുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
എന്നാൽ രണ്ടാമത്തെ വീഡിയോ പുറത്തുവന്നിട്ടും ഷാഫി എവിടെയാണെന്നതിനെ കുറിച്ച് പൊലീസിനൊരു വിവരവും ലഭിച്ചിട്ടില്ല. കർണാടകയിലെ ഒരിടത്താണ് ഷാഫിയെ പാർപ്പിച്ചിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ വയനാട് മാനന്താവാടിയിൽ നിന്നും മൂന്നു പേരെ കാസർകോട് മഞ്ചേശ്വരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് താമരശ്ശേരി പരപ്പന്‍പോയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡില്‍ ഇറക്കിവിടുകയായിരുന്നു.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ വിദേശത്തെ സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ചതാവാമെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, ഹവാല പണമിടപാടുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് പണം കിട്ടാനുള്ളവര്‍ ക്വട്ടേഷന്‍സംഘാംഗങ്ങളെ വിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.