തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 100 ദശലക്ഷം യൂണിറ്റ് (പത്ത് കോടി യൂണിറ്റ്) പിന്നിട്ടു. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗമാണ് റെക്കോർഡിൽ എത്തിയത്. 100.3028 ദശലക്ഷം യൂണിറ്റാണ് വ്യാഴാഴ്ചത്തെ ആകെ ഉപഭോഗം. 2022 ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 9.29 കോടി യൂണിറ്റായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഈ റെക്കോർഡ് കഴിഞ്ഞ ചൊവ്വാഴ്ച തന്നെ മറികടന്നിരുന്നെങ്കിലും 10 കോടി കടന്നത് ഇന്നലെയായിരുന്നു.
പ്രതിദിന ഉപയോഗത്തിൽ ചൊവ്വാഴ്ചയാണ് കഴിഞ്ഞ വർഷത്തേക്കാൾ ഉപഭോഗം കൂടി ആദ്യം റെക്കോർഡിട്ടത്. 9.56 കോടി യൂണിറ്റ് ആയാണ് റെക്കോർഡ് മറികടന്നത്. ബുധനാഴ്ച വീണ്ടും ഉയർന്ന് 9.85 കോടി യൂണിറ്റിൽ എത്തി. വ്യാഴാഴ്ച 100 ദശലക്ഷം യൂണിറ്റ് പിന്നിട്ട് സർവകാല റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു. വൈകുന്നേരം പീക് ലോഡ് സമയത്തെ ഉപയോഗവും 4903 മെഗാവാട്ടുമായി റെക്കോഡിട്ടു. കഴിഞ്ഞ വർഷത്തേക്കാൾ 518 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായത്.
അതേസമയം, ഇതേ രീതിയിൽ ഉപയോഗം വർധിച്ചാൽ കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങും. ഇപ്പോൾ ലഭ്യമായ വൈദ്യുതി തികയാതെ വരികയും അധിക വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് യൂണിറ്റിന് 10 രൂപ നൽകി കമ്മി നികത്തേണ്ടിയും വരും. എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം വന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
സംസ്ഥാനത്ത് ചൂട് കൂടുന്നതാണ് വൈദ്യുതി ഉപഭോഗത്തിലെ വർധനക്ക് പ്രധാന കാരണം. കേരളത്തിൽ വ്യാഴാഴ്ചത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസാണ്. കേരളത്തിലെ മിക്കയിടത്തും 40 ന് മുകളിലാണ് ചൂട്.