കൊച്ചി: രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ അന്വേഷണത്തിന് ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തരവിഷയമാണ്. 2014ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ.ബെനറ്റ് എബ്രഹാമിന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പന്ന്യന്‍ രവീന്ദ്രന്‍റെ ഹര്‍ജിയില്‍ ആണ് ഉത്തരവ്. വിഷയത്തില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരുന്നു.
തിരുവന്തപുരം മണ്ഡലത്തിലേത് പെയ്മെന്റ് സീറ്റാണെന്നും തെരഞ്ഞെടുപ്പിൽ 1.87 കോടിയുടെ കോഴ ഇടപാട് നടന്നെന്നും ചൂണ്ടികാട്ടി തിരുവനന്തപുരം സ്വദേശി എ. ഷംനാദാണ് ലോകായുക്തയിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിടുകയും ചെയ്തു.
സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു സി. ദിവാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന ആർ. രാമചന്ദ്രൻ എന്നിവർക്കെതിരെയായിരുന്നു പരാതി. തുടർന്ന് പന്ന്യൻ രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.