കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നതെന്തെന്നും അത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ഇതേ കേസില്‍ എം.ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റു ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിനു ശേഷം കേസില്‍ മറ്റു പ്രതികളെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നില്ല. ഇതാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്തു കൊണ്ട് സ്വപ്നയെ അറസ്റ്റു ചെയ്യുന്നില്ല എന്ന് കോടതി ചോദിച്ചു.
അതേസമയം, കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇ.ഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കപ്പെടുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിന്റ ജാമ്യഹരജി ഹൈക്കോടതി തള്ളിയത്. മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ബന്ധവും ഭരണ കക്ഷിയിലുള്ള സ്വാധീനവും കോടതി പരാമർശിച്ചു. ഇത്തരം സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ തെളിവുകൾ നശിപ്പിക്കാൻ സാധ്യത കൂടുതലെന്നും കോടതി നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടും ശിവശങ്കറിന് വീണ്ടും പ്രധാന പദവിയിൽ നിയമനം നൽകിയെന്നും സർക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിനു കാരണമെന്നും കോടതി പറഞ്ഞു.
കേസിൽ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ സത്യവാങ്മൂലം നൽകിയിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവേ ശക്തമായ വാദങ്ങൾ ഇ.ഡി ഉയർത്തുകയും ചെയ്തിരുന്നു. സ്വപ്നസുരേഷിന്റെ വാട്‌സ് ആപ്പ് ചാറ്റും സന്തോഷ് ഈപ്പന്റെ ബാങ്ക് ഇടപാടുകളുമുൾപ്പടെ കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടെന്നാണ് ഇ.ഡിയുടെ വാദം. തെളിവുകളുണ്ടായിട്ടും ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ പക്ഷം. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷം ഹൈക്കോടതി ഹരജിയിൽ വാദം കേട്ടിരുന്നു. ഇതിൽ ശിവശങ്കറിനെതിരെ രണ്ട് കേസായി രജിസ്റ്റർ ചെയ്യുന്നതിന്റെ ആവശ്യകത കോടതി ചോദിച്ചിട്ടുണ്ട്. സ്വേർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കേസുള്ളതും ലൈഫ്മിഷൻ കേസും കോടതി ചൂണ്ടിക്കാട്ടി.