കൊച്ചി: ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ജൈവ മാലിന്യങ്ങൾ ഏപ്രിൽ 30 വരെ മാത്രമെ അനുവദിക്കൂ. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണം.
തദ്ദേശ – വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന നഗരസഭകളുടെ അവലോകന യോഗത്തിലാണ് തീരുമാനം. കൊച്ചിയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നത്.
ഒരു കാരണവശാലും എല്ലാ മാലിന്യങ്ങളും ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുക എന്നത് അംഗീകരിക്കാനാകില്ല എന്ന തീരുമാനമാണ് മന്ത്രിമാരുടെ യോഗത്തിൽ എടുത്തിരിക്കുന്നത്. മാലിന്യ സംസ്കരണ സംവിധാനം കൊച്ചിയിൽ കർശനമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനകം തന്നെ 54 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. പൊലീസ് പരിശോധന കർശനമാണ്. പൊതുനിരത്തിലും മറ്റും മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ ശക്തമായി നടപടിയുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകള്‍ സ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസം നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തുന്നവരില്‍നിന്ന് പിഴ ഈടാക്കിയത്. കൂടാതെ ജില്ലാ തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള രണ്ടു സ്‌ക്വാഡുകള്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനകളിലായി 2,84,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കോര്‍പറേഷന്‍ പരിധിയിലെ പല സ്ഥലങ്ങളിലും ഇപ്പോഴും മാലിന്യം നീക്കാതെ കൂട്ടിയിട്ട സ്ഥിതിയിലാണ്. പ്ലാസ്റ്റിക് ശേഖരിക്കാന്‍ വൈകുന്നതിനാല്‍ നഗര റോഡുകള്‍ ബ്രഹ്‌മപുരത്തിന് തുല്യമാകുകയാണെന്നും കളക്ടറുടെയും തന്റെയും വീടിന് 100 മീറ്ററിന് അപ്പുറവും റോഡില്‍ മാലിന്യം വലിയ തോതില്‍ തള്ളിയിട്ടുണ്ട്. റോഡില്‍ മാലിന്യം തള്ളുന്ന കാര്യത്തില്‍ പരാതി പറയാനായി ഒരു വാട്‌സാപ്പ് നമ്പര്‍ നല്‍കിയാല്‍ അത് ഹാങ് ആകുമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.