ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യ നീക്കവുമായി വീണ്ടും പ്രധാന നേതാക്കളുടെ നിർണായക കൂടിക്കാഴ്ച. കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ (ആർജെഡി) എന്നീ പാർട്ടി നേതാക്കളാണ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.
പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ഖർഗെയുടെ വസതിയിൽ വെച്ചാണ് നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും ചർച്ച നടത്തിയത്. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർഗെ പറഞ്ഞു. സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. 2024 ൽ തെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. സമാനമനസ്കരായ എല്ലാവരെയും ഒന്നിപ്പിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്.
പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചർച്ച ആവശ്യമാണ്. എല്ലാവരെയും ഒന്നിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യ, മതേതര പാർട്ടികളെ ഒന്നിപ്പിക്കേണ്ട സാഹചര്യമുണ്ട്. വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായും അഖിലേഷുമായും ചർച്ച നടത്തുന്നുണ്ട്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞത്.
ബംഗാളിൽ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെയായിരുന്നു മമത നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ്, ബിജെപി, സിപിഎം പാർട്ടികൾ തമ്മിലുള്ള ധാരണയുടെ ഫലമായാണ് തൃണമൂൽ സ്ഥാനാർഥികൾ പരാജയപ്പെട്ടത് എന്നായിരുന്നു മമതയുടെ ആരോപണം.