തൃശൂർ : അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ ഒരാഴ്ചക്കുള്ളിൽ തീരുമാനിക്കണമെന്ന് ഹൈക്കോടതി അറിയിച്ചതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് വാഴചാൽ ഊര്. ഏത് കോടതി പറഞ്ഞാലും അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് വാഴചാൽ ഊര് മൂപ്പത്തി ഗീത പറഞ്ഞു. ആനയെ കൊണ്ട് വരാൻ നീക്കമുണ്ടായാൽ കുടിൽ കെട്ടി സമരം നടത്തുമെന്നും ഇവർ പറഞ്ഞു.
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിലപാട് ഒരേസമയം ആശ്വാസവും ആശങ്കയുമാണ് പറമ്പിക്കുളത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്ക്.അരിക്കൊമ്പനെ പുനരധിവസിപ്പിക്കാൻ സർക്കാർ മറ്റൊരു സ്ഥലം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഹർജിക്കാരൻ കൂടിയായ കെ ബാബു എംഎൽഎ വ്യക്തമാക്കി. ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരണം എന്ന് സർക്കാർ പറയില്ലെന്നാണ് പ്രതീക്ഷയെന്നും കെ ബാബു പറഞ്ഞു
എന്നാൽ അരിക്കൊമ്പൻ വിഷയത്തിൽ സമരം തുടരുമെന്നാണ് വാഴച്ചാലിലെ ആദിവാസി സമൂഹം പറയുന്നത്.ഊരുകൂട്ടം ചേർന്ന് സമരപരിപാടികൾക്ക് രൂപം നൽകാനാണ് തീരുമാനം. ആനയെ എത്തിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം
വിഷയത്തിൽ യുവജനസംഘടനകൾ അടക്കം പ്രതിഷേധപരിപാടികൾക്ക് ആഹ്വാനം നൽകിയിരുന്നു.തത്ക്കാലം സർക്കാർ നിലപാട് വരും വരെ പ്രതിഷേധങ്ങൾ വേണ്ടെന്നാണ് സർവ്വകക്ഷി സംഘത്തിന്റെ തീരുമാനം
അതേസമയം, ഹൈക്കോടതി തീരുമാനം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കൃത്യമായ വിധി പറയുന്നതിന് പകരം, ഉത്തരവാദിത്തം സർക്കാരിന്റെ തലയിലേക്ക് ഇട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് കോടതി മനസ്സിലാക്കുമെന്നാണ് കരുതിയിരുന്നത് എന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.
അരിക്കൊന്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധന ഹർജി തീർപ്പാക്കുകയായിരുന്നു ഹൈക്കോടതി. ആനയെ കൂട്ടിലടയ്ക്കാനാകില്ല എന്ന് ആവർത്തിച്ച കോടതി എങ്ങോട്ട് മാറ്റണമെന്നതിൽ ഒരാഴ്ചക്കുള്ളിൽ സർക്കാർ തീരുമാനം എടുക്കണമെന്ന് നിർദേശിക്കുകയായിരുന്നു. കേസ് 19ന് വീണ്ടും പരിഗണിക്കും.