വയനാട്: എം.പി. സ്ഥാനത്തിനും അപ്പുറത്തെ ബന്ധമാണ് വയനാട്ടിലെ ജനങ്ങളോട് തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയ ആവേശോജ്വലമായ സ്വീകരണത്തോട് വൈകാരികമായി പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ‘സത്യമേവ ജയതേ’ പരിപാടിയിലാണ് രാഹുലെത്തിയത്. പ്രസംഗത്തില്‍ അദാനിയെയും പ്രധാനമന്ത്രിയെയും രാഹുല്‍ വിമര്‍ശിച്ചു.
തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട് തനിക്കുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ ജയിലിലടച്ചാലും വയനാട്ടുകാര്‍ക്കൊപ്പം തന്നെ കാണുമെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പതിനായിരങ്ങള്‍ ആ വാക്കുകള്‍ ഏറ്റെടുത്തത്.
ജനങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് ജനപ്രതിനിധി നിലകൊള്ളേണ്ടതെന്നും അതിനാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഭയക്കരുതെന്നും രാഹുൽ ഓർമിപ്പിച്ചു. ബിജെപിയ്ക്ക് തന്റെ സ്ഥാനവും വീടും എടുത്തുമാറ്റാനും ജയിലലടയ്ക്കാനും കഴിഞ്ഞേക്കാമെന്നും എന്നാൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽനിന്ന് തന്നെ തടയാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെയാണെന്നും രാത്രിപാത, ബഫർസോൺ, മെഡിക്കൽ കോളേജ് എന്നിവയൊക്കെ ഈ തരത്തിൽപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനൊപ്പം നമുക്ക് ഇഷ്ടമുള്ള സംസ്ഥാനവും രാജ്യവും സൃഷ്ടിക്കുകയെന്നതും സുപ്രധാനമാണ്. രാജ്യത്ത് സ്വതന്ത്ര്യമായി ജീവിക്കാനാണ് ഇന്ത്യയിലെ ജനങ്ങളും വയനാട്ടുകാരും ആഗ്രഹിക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ പേർ രാജ്യത്തെയാകെ കയ്യടക്കുന്ന സ്ഥിതിയിൽ ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലെന്നും പറഞ്ഞു. ബിജെപി ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയും പോരടിപ്പിക്കുകയും ചെയ്യുമ്പോൾ താൻ എല്ലാ വിഭാഗം ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയ്ക്കും അദാനിയ്ക്കുമെതിരായ വിമര്‍ശനങ്ങള്‍ വയനാട്ടിലെ വേദിയിലും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തയാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയുടെ മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് രണ്ട് കത്തുകള്‍ നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് തന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക വസതിയിലേക്ക് പൊലീസിനെ അയച്ചാല്‍ താന്‍ ഭയക്കുമെന്നാണ് ബിജെപി കരുതുന്നതെങ്കിലും താന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ ബിജെപിയെക്കൊണ്ട് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു. ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെക്കുറിച്ചുള്ള ഒരു ആശയം മാത്രമാണ്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ആശയങ്ങളാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.