ഡിജിറ്റൽ സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതീകമാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയിൽ നിന്നുള്ള സരസു. കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള സാധാരണക്കാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം ലഭിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ നടപ്പിലാക്കി വരുന്ന ‘ഡിജി കേരള’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഗുണഭോക്താവാണ് സരസുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതുപോലെ ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റ് സൗകര്യങ്ങളും ഉപയോഗിക്കാൻ കേരളത്തിലെ മുഴുവൻ പേരെയും പ്രാപ്തരാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം ഇന്ന് നിർവഹിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമാണിത്.
ഡിജിറ്റല്‍ – ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമായ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ നടത്തി വരികയാണ് എൽഡിഎഫ് സർക്കാർ. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചും കെ-ഫോണ്‍ പദ്ധതി നടപ്പാക്കിയും സർക്കാർ ആ കടമ നിറവേറ്റി വരികയാണ്. കണക്ടിവിറ്റി ലഭ്യമാക്കിയാല്‍ മാത്രം പോരാ, ഇന്റര്‍നെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതു കൂടിയുണ്ട്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി.
എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന ജനകീയ സേവനങ്ങളും വികസനപദ്ധതികളുടെ ഗുണഫലങ്ങളും എല്ലാവരിലേക്കുമെത്തിക്കാൻ സാധിക്കണം. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള പ്രയത്നം ഈ ലക്ഷ്യം കൈവരിക്കാനുള്ള വലിയ ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.