ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ വീണ്ടും പോസ്റ്റർ. ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകരാണ് പോസ്റ്റർ പതിപ്പിച്ചത്. കരുവാറ്റ ഓർത്തഡോക്സ് പള്ളിക്ക് മുന്നിലാണ് മന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചിട്ടുള്ളത്.
ചർച്ച ബില്ല് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജ് മൗനംവെടിയുക, ഒ സി വൈ എം പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ഈസ്റ്റർ രാത്രിയിലെ പൊലീസ് അതിക്രമത്തിൽ മന്ത്രി വീണാ ജോർജ് മറുപടി പറയുക തുടങ്ങിയവയാണ് പോസ്റ്ററിൽ ഉള്ളത്.
കഴിഞ്ഞ ആഴ്ചയും പത്തനംതിട്ടയിൽ സമാന രീതിയിൽ പോസ്റ്റർ പ്രതിഷേധമുണ്ടായിരുന്നു. സഭാ തർക്ക വിഷയത്തിൽ മൗനം വെടിയണമെന്നായിരുന്നു അന്നും ആവശ്യം. പട്ടാപ്പകൽ പൊലീസടക്കം നോക്കി നിൽക്കെയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമമടക്കം പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്.
ഓർത്തഡോക്സ് സഭയുടെ യുവജന സംഘടനയാണ് ഒ സി വൈ എം. ചർച്ച് ബില്ലിൽ മന്ത്രി മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് ഒ സി വൈ എം പ്രവർത്തകൻ ജിനു കളിയിക്കൽ പറഞ്ഞു. മന്ത്രിക്കെതിരെ സംസാരിച്ചാൽ ഭീഷണിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഒസിവൈഎം നേതാക്കൾ പ്രതികരിച്ചു.