ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്.
ഉത്തര്‍പ്രദേശിലെ ഇ.ഡി സംഘമാണ് കേസ് കൈകാര്യം ചെയ്തതെന്നായിരുന്നു കോടതിയില്‍ ഇ ഡിയുടെ വാദം. അന്വേഷണഘട്ടത്തില്‍ ഉന്നയിക്കാത്ത ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. കേസില്‍ വിചാരണ ആരംഭിച്ചെന്നും സാക്ഷി വിസ്താരം തുടങ്ങിയെന്നും ഇ.ഡി വ്യക്തമാക്കി.
കേസ് റജിസ്റ്റർ ചെയ്തതും ഭൂരിപക്ഷം സാക്ഷികളും കേരളത്തിലായതിനാൽ യുപിയിൽനിന്ന് വിചാരണ മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 2018ല്‍ റജിസ്റ്റർ ചെയ്ത കേസില്‍ 2020ലെ ഹത്രസ് സംഭവവുമായി കൂട്ടിക്കെട്ടി യുപിയിൽ വിചാരണ അനുവദിക്കരുതെന്നും ഷരീഫ് ആവശ്യപ്പെട്ടിരുന്നു. ഹത്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ അറസ്റ്റിലായ ശേഷമാണ് സിദ്ദിഖ് കാപ്പനെ കേസില്‍ പ്രതിചേര്‍ത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സിദ്ദിഖ് കാപ്പന് ജയില്‍മോചിതനായത്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായത് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ്.