തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ വടകര എം.എല്‍.എ. കെ.കെ. രമ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തേക്കും. ഇതിന്റെ ഭാഗമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കെ.എം. സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരേ കെ.കെ. രമ വക്കീല്‍ നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യാത്തപക്ഷം ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നാണ് വക്കീല്‍ നോട്ടീസിലുള്ളത്.
രമയുടെ കൈക്ക് പരിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് കൈക്ക് പൊട്ടലിന് ചികിത്സ തേടിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും സച്ചിൻ ദേവ് എംഎല്‍എയുമടക്കം രമയ്ക്കെതിരെ രംഗത്ത് വന്നത്. ഇരുവരുടെയും പ്രസ്താവന തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, മാപ്പ് പറയാത്ത പക്ഷം മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും കെ കെ രമ വക്കീല്‍ നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെയാണ് വാച്ച് ആന്‍ഡ് വാര്‍ഡും എംഎല്‍എമാരുമായി സംഘര്‍ഷമുണ്ടായത്. വലത് കൈയ്ക്ക് പരുക്കേറ്റ കെ കെ രമയ്ക്ക് മാര്‍ച്ച് 29ന് ഡോക്ടര്‍മാര്‍ എട്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു.