ആര്‍എസ്എസിന് കീഴടങ്ങി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ( എന്‍ സി ഇ ആര്‍ ടി ) വെട്ടി മാറ്റിയ പാഠഭാഗങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ കേരളത്തില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്.
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കാനായി ഭരണഘടന വിരുദ്ധമായ രജിസ്റ്റര്‍ തയ്യാറാക്കില്ലെന്നും വൈദ്യുതി സ്വകാര്യവല്‍ക്കരിക്കില്ലെന്നും പൊതുമേഖലയെ വിറ്റു തുലക്കില്ലെന്നും സബ്സിഡികള്‍ നിലനിര്‍ത്തും എന്നുമുള്ള നിലപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനപക്ഷ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതാണ്. അതുതന്നെയാണ് വിദ്യാഭ്യാസ രംഗത്തെ കാവി വത്കരിക്കാനുള്ളെ കേന്ദ്ര നീക്കത്തോടുള്ള സമീപനവും. ചരിത്രത്തെ കാവി പുതപ്പിക്കാനോ വെട്ടി മാറ്റാനോ അനുവദിക്കുന്നത് ചരിത്ര നിഷേധമാണ്.
മുഗള്‍ സാമ്രാജ്യം, ഗാന്ധിവധം, ഗുജറാത്ത് കലാപം, ഏകകക്ഷി ഭരണം, ശീത സമരം,വ്യവസായി വിപ്ലവം, ജനകീയ പ്രക്ഷോഭം തുടങ്ങിയ ചരിത്ര സംഭവങ്ങളാണ് പുതിയ തലമുറയെ പഠിപ്പിക്കാന്‍ പാടില്ല എന്ന് സംഘപരിവാര്‍ പറയുന്നത്. എന്‍സിഇആര്‍ടി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ തന്നെയാണ് ഒരു കരാര്‍ അനുസരിച്ച് കേരളത്തിലും പഠിപ്പിച്ചുവരുന്നത്. ആ കരാര്‍ എന്തിനാണ് റദ്ദാക്കുന്നത്?
ഗാന്ധിജിയെ കൊന്നവരുടെ പിന്മുറക്കാര്‍ വെട്ടി മാറ്റിയ പാഠഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു
‘ ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ദൃഢചിത്തവും നെഞ്ചുറപ്പുള്ളതുമായ തീവ്ര ഉദ്യമം അത്രത്തോളം ആകയാല്‍ അത് ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിപ്പിക്കുകയും അവര്‍ ഗാന്ധിജിയെ വധിക്കാന്‍ അനേകം ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വര്‍ഗീയ സ്ഥിതിവിശേഷത്തില്‍ മാന്ത്രികമായ സ്വഭാവമാണ് ഉണ്ടാക്കിയത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്താന്‍ തുടങ്ങി. ആര്‍എസ്എസു പോലുള്ള സംഘടനകളെ അല്‍പകാലം നിരോധിച്ചു’
ഗാന്ധി ശിഷ്യന്മാര്‍ കൂട്ടത്തോടെ കാവി പുതപ്പില്‍ ഓടി ഒളിക്കുന്നുണ്ടെങ്കിലും ഗാന്ധിജിയുടെ ധീരമായ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ പുതിയ തലമുറയെ പഠിപ്പിക്കുന്നില്ലെങ്കില്‍ ചരിത്രം നമ്മെ കുറ്റക്കാരാണെന്ന് വലിയിരുത്തും.