തിരുവനന്തപുരം: ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന പ്രചരണങ്ങള്‍ക്കിടെ പ്രതികരിച്ച് നടന് ഉണ്ണി മുകുന്ദന്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് താരം പറഞ്ഞു. താനിപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നും നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അത് വ്യാജമാണ്. പുതിയ ചിത്രമായ ഗന്ധർവ്വ ജൂനിയറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. നീണ്ട ഷെഡ്യൂൾ ആണ്. അത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നു’, ഉണ്ണി മുകുന്ദൻ കുറിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടും ബഹുമാനമുണ്ടെന്നും നടൻ വ്യക്തമാക്കി.
ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കാൻ ഒരുങ്ങുന്നു, പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകും മുതലായ അഭ്യൂഹങ്ങളാണ് താരത്തിന് നേരെ പ്രചരിച്ചത്. ഇതിനെതിരെയാണ് നടന്റെ പ്രതികരണം.