ഈസ്റ്റര്‍ ദിന ചിന്തകള്‍; പ്രൊഫ ജി ബാലചന്ദ്രന്‍

യേശുദേവന്റെ പീഡാനുഭവങ്ങളുടെയും കുരിശുമരണത്തിന്റെയും  ഉയിര്‍പ്പിന്റെയും ഓര്‍മ പുതുക്കി ലോകം വിശുദ്ധവാരം ആചരിക്കുകയാണ്.  പെസഹ വ്യാഴത്തിലെ  അവസാനത്തെ അത്താഴാനന്തര പ്രാര്‍ത്ഥനക്കു ശേഷമാണ് വിശ്വമാനവികതയുടെ പ്രവാചകനെ  റോമന്‍ പടയാളികള്‍ തടവിലാക്കിയത്.  

ഭരണകൂടം നീട്ടിയ  30 വെള്ളിക്കാശിനു മുന്നില്‍ യൂദാസിന് മനമിളകിയപ്പോള്‍ സ്‌നേഹത്തിന്റെ തമ്പുരാന്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു. ക്രിസ്തു ദേവന്റെ ആത്മീയ യാത്രയില്‍ നിഴല്‍ പോലെ കൂടെ നിന്ന് അദ്ദേഹത്തിന്റെ വചനങ്ങളുടെയും  അത്ഭുതങ്ങളുടെയും കരുത്തറിഞ്ഞ യൂദാസ്,  ദൈവപുത്രനെ ഒറ്റിക്കൊടുത്തത്   ചുംബനം നല്‍കിയായിരുന്നു. കൂടെയുള്ളവന്‍  ഒറ്റുകാരനെന്നറിഞ്ഞിട്ടും  പാദം കഴുകി അപ്പം നല്‍കുന്ന   ഹൃദയവിശാലത അപ്പോഴും  കൈ വെടിഞ്ഞില്ല. പീഡാനുഭവങ്ങളുടെ ദു:ഖവെളളിയില്‍ കുരിശിലേറ്റപ്പെട്ട് പിടയുമ്പോഴും ദൈവപുത്രന്‍ ഒന്നേ പറഞ്ഞുള്ളൂ.. ‘പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ”.  സംഭവ ബഹുലവും സമര സജ്ജവുമായിരുന്ന   ആ ജീവിതം എന്നെന്നേക്കുമായി അവസാനിച്ചുവെന്ന് കരുതി ആരവങ്ങള്‍ നടത്തിയവരുടെ കണക്കുകള്‍ തെറ്റി.  

കുരിശു മരണത്തിന്റെ മൂന്നാം നാള്‍  ഈസ്റ്റര്‍ ദിനത്തില്‍ ദൈവപുത്രന്‍ ഉയിര്‍ത്തെണീറ്റു.   ഹൃദയത്തിലും ആത്മാവിലും നന്മയും കരുണയും കാത്തു വെയ്ക്കുന്നവരെ പ്രപഞ്ചശക്തികള്‍ക്ക് കൈവിടാനാവില്ലല്ലോ !’      തന്നെ ഒറ്റിയ യൂദാസിനു പോലും പുനര്‍വിചിന്തനമുണ്ടാക്കുന്ന സനേഹവും  ലാളിത്യവും കരുണയുമായിരുന്നു യേശുവിന്‍േറത്. പിന്നീട് യൂദാസിന് എന്ത് സംഭവിച്ചു എന്ന് പുതിയ കാലത്തെ അഭിനവ യൂദാസുമാര്‍ യേശുദേവനില്‍ നിന്നും പഠിക്കണം. ഒപ്പമുള്ളവരെ കുരിശില്‍ തറച്ച്, ഒറ്റിയും കാലുവാരിയും   ഉല്ലാസ നൃത്തം ചവിട്ടുന്ന  മത രാഷ്ട്രീയ സാമൂഹിക രംഗത്തെ  എല്ലാവരും യേശുദേവനെ പാഠ പുസ്തകമാക്കണം. തന്റെ വ്യക്തിത്വവും നിശ്ചയദാര്‍ഢ്യവും ഒരു  ഒറ്റുകാരനു മുന്നിലും തളര്‍ന്നു പോവില്ലെന്നും  പീഡാനുഭവങ്ങള്‍ക്കു മുന്നില്‍  പതറി നില്‍ക്കില്ലെന്നും  യേശുദേവന്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുന്നു.

ഈ വിശുദ്ധവാരം പുനര്‍ വിചിന്തനത്തിന്റെയും ആത്മപരിശോധനയുടെയും നല്ല നാളുകള്‍ കൂടിയാവണം. ലാളിത്യത്തിനും കാരുണ്യത്തിനും സര്‍വ്വോപരി വിശ്വസ്‌നേഹത്തിനും ഊന്നല്‍ നല്‍കിയ യേശുദേവന്റെ പിന്‍ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിത സന്ദേശം യാഥാര്‍ദ്ധ്യമാക്കുന്നതില്‍  വലിയ ബാധ്യതയുണ്ട്. വിശന്നു കരയുന്ന കുഞ്ഞുങ്ങളും, മഹായുദ്ധങ്ങള്‍ അനാഥരാക്കിയവരും, ഭീകരവാദത്താല്‍ നാടു നഷ്ടപ്പെട്ടവരും , പ്രകൃതി ദുരന്തങ്ങളാല്‍ പിഴുതെറിയപ്പെട്ടവരുമായ ഒരു വലിയ വിഭാഗത്തിന്റേതു കൂടിയാണ് ഈ ലോകം. അവരോട് ഐക്യപ്പെടാനും  കണ്ണീരൊപ്പാനും കൂടിയുള്ള അവസരമാണ് ഈ വ്രത തപ കാലം.

വിശന്നിരിക്കുന്നവന്റെയും ആലംബഹീനന്റെയും വര്‍ത്തമാനം പഠിക്കാതെ പുണ്യ ഗ്രന്ഥങ്ങളിലെ     വിശുദ്ധ വാക്യങ്ങള്‍ മാത്രം തിരഞ്ഞതുകൊണ്ട് നമ്മളൊന്നും മനുഷ്യരാവില്ല .പീഡാനുഭവങ്ങളാല്‍ കുരിശിലേറ്റപ്പെട്ടവന്റെ കൂടെ നിന്ന് ഉയിര്‍ത്തെണീപ്പിക്കാന്‍ നമുക്കും ഉത്തരവാദിത്തമുണ്ട്. അതിനായുള്ള  പ്രാര്‍ത്ഥനയാവണം ഈ വിശുദ്ധവാരത്തില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടത്.   എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ .
 

Latest News