പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ അടൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി എബല്‍ ബാബുവിന്റെ കാര്‍ ആണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ്.
അതേസമയം, ഈ കാറിലാണ് പള്ളികളുടെ മുന്നില്‍ പോസ്റ്റര്‍ പതിപ്പിക്കാന്‍ ഇയാള്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.
ഈ മാസം 1ന് അര്‍ദ്ധരാത്രിയിലാണ് പത്തനംതിട്ടയിലെ ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം എന്നായിരുന്നു പോസ്റ്ററുകളിലെ ആവശ്യം. ‘ഓര്‍ത്തഡോക്‌സ് യുവജനം’ എന്ന പേരിലുള്ള പോസ്റ്ററില്‍ പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.