ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്‌കൂള്‍ സിലബസുകളിലേക്ക് ഒളിച്ചുകടത്താനുള്ള ശ്രമമായാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ തിരുത്തലുകളെ കാണാന്‍ കഴിയുക.
സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന വ്യാജ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് ഇത്തരം നടപടികള്‍. മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ആര്‍എസ്എസ് നിരോധാനത്തിലേക്ക് നയിച്ച ഗാന്ധി വധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടത് സംഘപരിവാറിന്റെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മൂന്നുവട്ടമാണ് പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. സിലബസ്സുകളെ കാവി വല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റങ്ങള്‍ മുഴുവനും.
മുഗള്‍ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കിയത് ആര്‍എസ്എസിന്റെ ഇംഗിതമനുസരിച്ചാണെന്ന് പകല്‍ പോലെ വ്യക്തമാണ്. ന്യൂനപക്ഷ അപരവല്‍ക്കരണമടങ്ങിയ ഉള്ളടക്കങ്ങള്‍ സിലബസ്സുകളില്‍ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
ഇത്തരത്തില്‍ ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. പാഠപുസ്തകങ്ങളുടെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുമുണ്ട്.