കേരളത്തില്‍ സഖാവ് ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയിട്ട് ഇന്നേക്ക് 66 വര്‍ഷം. ഇന്നുകാണുന്ന കേരളത്തിന് അടിത്തറയിട്ട ഭരണമായിരുന്നു അത്. ഭൂപരിഷ്‌കരണവും സാര്‍വത്രിക വിദ്യാഭ്യാസവും പ്രഖ്യാപിത ലക്ഷ്യമായി സ്വീകരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ ജീവിതത്തില്‍ മുന്നേറ്റമുണ്ടാക്കി മുന്നോട്ടുപോയ സര്‍ക്കാരിന് കേവലം രണ്ട് വര്‍ഷമേ അധികാരത്തിലിരിക്കാന്‍ സാധിച്ചുള്ളൂ എങ്കിലും ഐതിഹാസികമായ മാറ്റങ്ങള്‍ ആ കാലയളവില്‍ കേരളത്തിലുണ്ടായി.
ഇ എം എസ് മന്ത്രിസഭ കേരളത്തില്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ തന്നെ സഖാവ് ഇ എം എസ് പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ച് ഭരണം പുതിയൊരു വെല്ലുവിളി ആയിരുന്നു. സാര്‍വദേശീയ തലത്തില്‍ തന്നെ വോട്ടെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയാല്‍ എന്ത് ചെയ്യാം എന്നതിനെക്കുറിച്ച് കൃത്യമായ എഴുത്തുകള്‍ ലഭ്യമല്ലാതിരുന്ന കാലം.
ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഇ എം എസ് മന്ത്രിസഭ രചിച്ചത് ചരിത്രമാണ്. സമൂഹത്തില്‍ അടിമകളെപ്പോലെയോ അതിലും താഴെയോ കണക്കാക്കപ്പെട്ടിരുന്ന തൊഴിലാളികള്‍ക്കായി സമഗ്ര ട്രേഡ് യൂണിയന്‍ ബില്ലും കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സും തുടര്‍ന്ന് കുടികിടപ്പ് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കുന്ന കാര്‍ഷിക ബന്ധ ബില്ലും കൊണ്ടുവന്നു. മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായ നാളുകള്‍.
അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ തന്നെ സര്‍ക്കാരിന് വ്യവസായ മേഖലയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കൃത്യമായ ബോധ്യമുണ്ടായിരുന്നു. പൊതുമേഖലയെ സംരക്ഷിച്ച് കൂടെ നിര്‍ത്തുമ്പോള്‍ തന്നെ പരിമിതമായ ഈ വ്യവസായങ്ങള്‍ക്ക് പുറമെ സ്വകാര്യ വ്യവസായികളെയും പ്രോത്സാഹിപ്പിക്കണമെന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. വ്യവസായവല്‍ക്കരണത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങുന്ന വേളയില്‍ തന്നെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പ്രഖ്യാപിക്കാനും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മറന്നില്ല. വിമോചനസമരമെന്ന ഓമനപ്പേരിട്ട് മാധ്യമങ്ങള്‍ വിളിക്കുന്ന അരാജക സമരമില്ലായിരുന്നുവെങ്കില്‍ ആ നയത്തിലൂടെ കേരളം അതിവേഗം മുന്നോട്ടുപോകുമായിരുന്നു.
കൂടുതല്‍ സ്വകാര്യനിക്ഷേപങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു. എന്നാല്‍ ‘വിമോചന സമരം’ കേരളത്തെ നിരവധി വര്‍ഷം പിറകിലേക്ക് നടത്തിച്ചു. തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് സര്‍ക്കാരും കേരളത്തിനും ജനങ്ങള്‍ക്കുമാവശ്യമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയില്ല.
1957 മുതല്‍ 1982 വരെയുള്ള 35 വര്‍ഷക്കാലയളവില്‍ കേവലം 6 വര്‍ഷം മാത്രം അധികാരത്തിലിരുന്ന ഇടതുപക്ഷം അനവധിയായിട്ടുള്ള ക്ഷേമ പദ്ധതികളിലൂടെ കേരളത്തെ ഇന്ത്യക്ക് മാതൃകയാക്കി മാറ്റി. ഇന്ന് വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ നവകേരള നിര്‍മ്മിതി സാധ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ സഖാവ് ഇ എം എസ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ സര്‍ക്കാരുകള്‍ വഴികാട്ടികളാണ്. സര്‍വ്വതലങ്ങളിലും രാജ്യത്തുതന്നെ ഒന്നാമത് നിന്നുകൊണ്ട് കേരളം മുന്നോട്ടുപോകുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സഖാവ് ഇ എം എസ് ചൂണ്ടിക്കാട്ടിയ പരിമിതികളെ മറികടക്കാന്‍ കൂടിയാണ്. പശ്ചാത്തല വികസന സൗകര്യങ്ങളുടെ കാര്യത്തിലും ഉല്‍പാദനമേഖലയിലുമുണ്ടായിരുന്ന ഈ പരിമിതികള്‍ കൂടി മറികടന്ന് ഏറ്റവും ആധുനികമായ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനാണ് നാമിന്ന് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാനും. 1959ലെ വികസന വിരുദ്ധ-കേരള വിരുദ്ധ മുന്നണി മറ്റൊരു രൂപത്തില്‍ ഇപ്പോഴുമുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. അവരെക്കൂടി പ്രതിരോധിച്ചാണ് കേരളം ഇപ്പോഴും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.