പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതി. ശിക്ഷയ്ക്കു പുറമെ ഒന്നാം പ്രതി ഹുസൈന് 1,05,000 രൂപയും മറ്റു പ്രതികള്‍ 1,18, 000 രൂപയും പിഴ അടയ്ക്കണം. ഈ പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും.
കേസിലെ 16ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാള്‍ക്ക് പോകാം. അതേസമയം കൂറ് മാറിയ സാക്ഷികള്‍ക്ക് എതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്കി. 24 സാക്ഷികളാണ് കൂറുമാറിയത്. ഉണ്ണികൃഷ്ണന്, ചന്ദ്രന്, അനില്‍കുമാര്‍, ആനന്ദന്, മെഹറുന്നീസ, മയ്യന്‍, മുരുകന്, മരുതന്, സൈതലവി, സുനില്‍കുമാര്‍, മനാഫ്, രഞ്ജിത്, മണികണ്ഠന്, അനൂപ്, അബ്ദുല്‍ ലത്തീഫ് എന്നിവരാണ് കൂറുമാറിയ സാക്ഷികള്‍.
പതിനൊന്നു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസില്‍ ഇന്നലെ വിധി വരുന്നത്. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. ഇവര്‍ക്കെതിരെ നരഹത്യ കുറ്റമാണ് ചുമത്തിയത്. കേസിലെ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ഇതില്‍ ഒന്നാം പ്രതിയായ ഹുസൈന്, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പേരായിരുന്നു കേസിലെ പ്രതികള്‍. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 പേരായിരുന്നു സാക്ഷികള്‍. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര് വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച് പത്തിനാണ് കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായത്.