മുംബൈ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി പിടിയിലായെന്ന് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീവച്ച ഷഹറൂഖ് സെയ്ഫിനെ മഹാരാഷ്ട്രയില്‍ നിന്നാണ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായതെന്നാണ് വിവരം. രത്നഗിരിയിലെ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോള്‍ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി മറ്റു കംപാര്‍ട്മെന്റുകളിലേക്കു ചിതറിയോടി. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര് മരിക്കുകയും ചെയ്തിരുന്നു. പേടിച്ച് ട്രേയിനില്‍ നിന്ന് ചാടിയ മൂന്നു പേരാണ് മരിച്ചത്.