ബെംഗലൂരു: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. രാമനഗര ജില്ലയിലെ സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷയെയാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകനായ പുനീത് കേരെഹള്ളിയ്ക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
മാര്‍ച്ച് 31ന് വൈകിട്ട് സാത്തനൂരിലെ പ്രാദേശിക ചന്തയില്‍ നിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുന്നതിനിടെയാണ് തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ പുനീത് കേരെഹള്ളിയും സംഘവും ഇദ്രീസ് പാഷയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കന്നുകാലി കടത്താണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് രണ്ടുലക്ഷം രൂപ നല്‍കിയാല്‍ ഇദ്രീസിനെ വിട്ടയയ്ക്കാമെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ഇന്നലെയാണ് ഇദ്രിസ് പാഷയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പുനീത് കേരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തത്.