തിരുവനന്തപുരം : നെടുമങ്ങാട് സൂര്യ ഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ഇതിനു പുറമേ 20 വര്‍ഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീ.ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
2021 ഓഗസ്റ്റ് 30നാണ് സൂര്യ ഗായത്രിയെ അരുണ്‍ (29) കുത്തികൊലപ്പെടുത്തുന്നത്. വിവാഹാഭ്യര്‍ത്ഥന സൂര്യ ഗായത്രിയും കുടുംബവും നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, അന്യായമായി വീട്ടില്‍ അതിക്രമിച്ച് കടക്കുക, ഭീഷണിപ്പെടുത്തല്‍, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.
സംഭവ ദിവസം സൂര്യഗായത്രിയുടെ വീടിന് പിറകിലൂടെ അകത്ത് കടന്ന പ്രതി സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ അമ്മ വത്സലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സൂര്യഗായത്രിയെയും പ്രതി ക്രൂരമായി ആക്രമിച്ചു. 33 തവണയാണ് പ്രതി യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്.പിയായ ബി.എസ്. സജിമോനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, വിനുമുരളി, മോഹിത മോഹന്‍, ദേവിക മധു, അഖില ലാല്‍ എന്നിവര്‍ ഹാജരായി.