തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യപ്പെട്ട കേസില്‍ ലോകായുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണെന്നും മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും ഫുള്‍ ബെഞ്ചിന് വിട്ടാലും അദ്ദേഹത്തിന് രക്ഷപെടാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലോകായുക്ത വിധി വൈകിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുന്പില് എത്തുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്.എസ് ശശികുമാര്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ലോകായുക്തയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയാണ് കേസ്. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ. കെകെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി.