പേപ്പാറ: എല്ലാ എതിർപ്പുകളെയും മറികടന്ന് പേപ്പാറ വനത്തിലേക്ക് കടന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ തിരികെ എത്തിച്ചത് അതിസാഹസികമായി.
പോലീസും വനപാലകരും, ഫയർഫോഴ്സും ഉൾപ്പെട്ട വിദഗ്ദ സംഘം 25 കിലോമീറ്ററോളം ഉൾവനത്തിൽ സഞ്ചരിച്ചാണ് ഗർഭിണി അടക്കമുള്ള സംഘത്തെ കണ്ടെത്തിയത്.
പോലീസ് കൺട്രോൾ റൂമിലേക്ക് വെള്ളച്ചാട്ടത്തിന് സമീപം കാട്ടിൽ അകപ്പെട്ട് പോയെന്ന് മാത്രം പറഞ്ഞെത്തിയ കോൾ കട്ടായി. അവിടെ നിന്നാണ് തുടക്കം.
മൂന്ന് സ്ത്രീകളും ഒരു യുവാവും ഉൾപ്പെടുന്നതാണ് സംഘം. വിതുര എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ പുറപ്പെടുകയായിരുന്നു.
വന്യജീവികൾ ഇറങ്ങുന്ന വനത്തിൽ വടം കെട്ടി , ചെങ്കുത്തായ മലയിലൂടെ സഞ്ചരിച്ച് അന്വേഷണം നടത്തി ഇവരെ കണ്ടെത്തുകയായിരുന്നു. വനം വകുപ്പിന്റെ നിയമങ്ങളെ ലംഘിച്ച് എന്തിന് കാട്ടിൽ പോയെന്നതിന് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നത്. ഇവർക്കെതിരെ വനം വകുപ്പ് കേസെടുത്തു.