കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ യുഡിഎഫ് വിജയം അധാര്‍മികമാണ്. ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കെ ബാബു എംഎല്‍എയുടെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
കേസ് തള്ളണമെന്ന കെ ബാബുവിന്റെ വാദം കോടതി തള്ളുകയായിരുന്നു. കൃത്രിമ വിജയം സംബന്ധിച്ച ഇടത് വാദങ്ങൾ കോടതി ശരി വച്ചുവെന്നും സ്വരാജ് പറഞ്ഞു.
എല്‍ഡിഎഫ് മുന്നോട്ട് വെച്ച കാര്യങ്ങള്‍ ഗൗരവകരമായി തന്നെ ഉള്‍ക്കൊണ്ടുവെന്ന് എം സ്വരാജ് പറഞ്ഞു. എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വാസം. കേസുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളിലടക്കം വിശദമായ വാദം നടക്കും. ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ പ്രതികരണം.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നു. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയര്‍ത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
വര്‍ഗീയമായ പ്രചാരണം നടത്തിയതായി കോടതിയില്‍ തെളിഞ്ഞാല്‍ കെ ബാബുവിന് എതിരായ വിധിയുണ്ടാകും. കെ ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എംഎല്‍എയാക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.