കൊച്ചി: റേഡിയോ കോളർ വെക്കാൻ വേണ്ടി മാത്രം അരിക്കൊമ്പനെ മയക്കുവെടി വെക്കാമെന്ന് ഹൈക്കോടതി. കുംകി ആനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നേരത്തേയും ഇതിന്റെ സൂചന ഹൈക്കോടതി വാദം കേൾക്കുന്ന സമയത്ത് നൽകിയിരുന്നു. എന്നാൽ അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.
വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണം. നാട്ടുകാരിൽ നിന്ന് അഭിപ്രായങ്ങൾ തേടണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി ഇടപെട്ടതോടെ ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വിഷയത്തിൽ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ജനകീയ ഹർത്താലിലേക്ക് പ്രദേശവാസികൾ കടന്നത്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.