കോഴിക്കോട്: സർക്കാർ നൽകിയ നഷ്ടപരിഹാര തുക അംഗീകരിക്കാനാകില്ലെന്ന് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന. ചികിത്സ തേടിയത് മൂന്നും സർക്കാർ ആശുപത്രികളിലാണ്. അവസാനം നടന്ന ഓപ്പറേഷന് ചിലവായ തുക പോലും നഷ്ടപരിഹാരമായി ലഭിച്ചില്ലെന്ന് ഹർഷിന പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ഹർഷിനക്ക് അനുവദിച്ചിരുന്നു.
നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. ആരുടെയും ഔദാര്യമല്ല താന്‍ ചോദിച്ചത്. താന്‍ അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണെന്നും ഹര്‍ഷിന പറഞ്ഞു.
ആരോഗ്യമന്ത്രി വാക്കുപാലിച്ചില്ല. തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു. കഴിഞ്ഞ തവണ നടത്തിയ ഓപ്പറേഷന് പോലും രണ്ട് ലക്ഷം രൂപയില്‍ കൂടുതലായി. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ യോഗ തീരുമാനം അറിഞ്ഞതുമുതല്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. തരാമെന്ന് പറഞ്ഞ രണ്ട് ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതി ലഭിക്കും വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങുംമെന്നും ഹര്‍ഷിന പറഞ്ഞു.
അതേസമയം വയറ്റിൽ കത്രിക വെച്ച് ശസ്ത്രക്രിയ പൂർത്തിയാക്കിയ സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കും. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനു ശേഷം അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.
തുടർന്ന് സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു.