ഇടുക്കി : അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതിനകം ആനയെ പിടിക്കുമായിരുന്നു. കേസുകൊടുത്തയാൾ ഇവിടെ വന്ന് താമസിക്കട്ടെയെന്ന് ജനങ്ങൾ പറയുന്നു. താൻ അങ്ങനെ പറയുന്നത് ശരിയല്ലല്ലോ എന്നും ശശീന്ദ്രൻ പറഞ്ഞു.
ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത നിറവേറ്റാനാകില്ല. ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും. ജനങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോൾ കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാൻ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തും.
സർക്കാർ ജനങ്ങൾക്ക് എതിരല്ല, ജനങ്ങൾക്ക് ഒപ്പമാണ്. സർക്കാർ ശ്രമങ്ങളോട് സഹകരിക്കണം. ജനത്തിന്റെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമം തുടരും. അക്രമാസക്തമായ പ്രതിഷേധം ഗുണം ചെയ്യില്ല. നിരാശയില്ലാതെ സർക്കാർ ജനത്തെ സംരക്ഷിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും. റിപ്പോർട്ട് വരുന്നത് വരെയുള്ള ദിവസങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള ഊർജിത ശ്രമം തുടരും.
കോടതി നിർദേശത്തെ ധിക്കരിക്കില്ല. കുങ്കിയാനകളെ മടക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളർ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാര മാർഗമാണ് വേണ്ടത്. കോടതി ജനങ്ങളുടെ ഭാഗം അത്ര ചിന്തിച്ചില്ല. അപൂർവമായി മാത്രമാണ് നാടിറങ്ങുന്ന ആനയെ പിടികൂടുന്നത്. കോടതി സൗമനസ്യം കാണിക്കണമായിരുന്നു. ജനങ്ങൾക്ക് പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാൻ അവകാശം ഉണ്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചതിൽ മന്ത്രി പ്രതികരിച്ചു.
അതേസമയം അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാതെ ഹൈക്കോടതി, വിഷയം പഠിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് പറഞ്ഞു.
സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ മയക്കുവെടി വച്ച് പിടികൂടണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും കോടതി പറഞ്ഞു.
അതേസമയം, അരിക്കൊന്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുന്പൻചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി പഞ്ചായത്തുകളിലാണ് ഹർത്താൽ.