കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളിലടക്കം വിശദമായ വാദം നടക്കും.
അതേസമയം, കോടതി വിധി തിരിച്ചടിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് ബാബു പ്രതികരിച്ചു. തുടര്‍നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് സ്ലിപ്പ് അടിച്ചിട്ടില്ലെന്നും സാധാരണനിലയില്‍ എല്ലാപാര്‍ട്ടികളും തയ്യാറാക്കുന്ന പോലെയുള്ള സ്ലിപ്പാണ് തങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫ് സ്വാമി അയ്യപ്പന്റെ സ്ലിപ്പ് അടിച്ചിട്ടില്ല. ഈ സ്ലിപ്പ് കിട്ടിയെന്ന് ആദ്യം പറഞ്ഞത് ഒരു ഡി വൈ എഫ് ഐ നേതാവാണ്. നിയമപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് കെ ബാബു വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സിറ്റിങ് എം.എല്‍.എയായ സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം പിടിച്ചെടുത്തിരുന്നു. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചുവെന്നായിരുന്നു ബാബുവിനെതിരായ ആരോപണം.
സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്.
മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചു. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും കോടതിയിലെത്തി. ഹർജി പരിഗണിച്ച കോടതി ബാബുവിന്‍റെ തടസ്സവാദം തള്ളി സ്വരാജ് നൽകിയ കേസ് നിലനിൽക്കുന്നതെന്നും വ്യക്തമാക്കി.
കെ ബാബുവിന് എതിർസത്യവാങ്മൂലം നൽകാൻ കോടതി മൂന്നാഴ്ച സമയം അനുവദിച്ചു.കേസ് മെയ് 24 ന് വീണ്ടും പരിഗണിക്കും.