തിരുവനന്തപുരം : കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് സാംസ്‌കാരിക വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍ . അതിനുവേണ്ടി ഉത്സവം 2024 എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈലോപ്പിള്ളി – പല്ലാവൂര്‍ സ്മ്യതിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നാടിന്റെ വളര്‍ച്ചയ്ക്ക് കലാസാഹിത്യ സാംസ്‌കാരിക വളര്‍ച്ച വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കാന്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ പോലുള്ള സ്ഥാപനങ്ങള്‍ സഹായകമാണ്. നമ്മുടെ മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് വ്യത്യസ്തമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഭാവി തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും ഇതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വെബ്‌സൈറ്റ് ഉദ്ഘാടനവും പോയ വര്‍ഷത്തെ നേട്ടങ്ങള്‍ ആവിഷ്‌കരിക്കുന്ന ‘മണവും മമതയും’ എന്ന സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്. സ്മരണിക ഏറ്റുവാങ്ങി. നേരത്തെ വൈലോപ്പിള്ളി – പല്ലാവൂര്‍ സ്മ്യതി ശിലാഫലകം അനാച്ഛാദനവും മന്ത്രി നടത്തി. ചടങ്ങില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി. എസ്. പ്രദീപ് അധ്യക്ഷനായിരുന്നു. ഒരു വര്‍ഷം കൊണ്ട് 84 പരിപാടികള്‍ നടത്താന്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന് സാധിച്ചു എന്നത് ഒരു വലിയ നേട്ടമാണെന്ന് പ്രദീപ് പറഞ്ഞു.
ഇനിയും വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ളതിന്റെ ഒരു തുടക്കം മാത്രമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈലോപ്പിള്ളിയുടെ കവിതയുടെ ഭാഗമായ ‘മണവും മമതയും’ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ. എ. എസ്. പറഞ്ഞു. കേരള ഭാഷ ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ ഡോക്ടര്‍ എം. സത്യന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി പ്രിയദര്‍ശനന്‍ പി എസ്, എന്നിവര്‍ സംസാരിച്ചു.