പോത്തനിക്കാട് പഞ്ചായത്തിലെ മല്ലിക ഹരിദാസിന്റെ കഥ കേട്ടപ്പോൾ വിസ്മയം തോന്നി. കുടുംബശ്രീ 25 വർഷംകൊണ്ട് കേരളത്തിൽ ഒട്ടനവധി സ്ത്രീകളുടെ ജീവിതത്തിൽ വരുത്തിയ പരിവർത്തനത്തിന്റെ ഒരു നേർചിത്രമാണ് മല്ലിക. 5 സെന്റ് കൂരയിൽ കൂലിവേലക്കാരുടെ മകളായ മല്ലികയ്ക്ക് ഒൻപതാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ ഭാഗ്യമുണ്ടായുള്ളൂ. ഉപജീവനത്തിന് കൂലിപ്പണിക്കു പോകേണ്ടി വന്നു. അങ്ങനെയാണ് മേസ്തിരിയായ മാർത്താണ്ഡക്കാരൻ ഹരിദാസുമായി പ്രണയമായതും വിവാഹംകഴിച്ചതും. അതോടെ സ്വന്തം വീട്ടിൽ നിന്നും മാറേണ്ടി വന്നു. ഒരൊറ്റമുറി വാടകവീട്ടിൽ അവർ താമസിച്ചു. രണ്ട് കുട്ടികളെ വളർത്തി. അതിനിടെ തയ്യൽ പഠിച്ചു. മഹിളാ സമാജത്തിലെ തുണിക്കച്ചവടത്തിൽ പങ്കാളിയായി. സ്വയംസഹായസംഘത്തിന്റെ ഖജാൻജിയായി. അപ്പോഴാണ് കുടുംബശ്രീയുടെ വരവ്.
പിടിയും കോഴിക്കറിയും എന്ന നാടൻ വിഭവം മല്ലികയും കൂട്ടുകാരും ചേർന്ന് പുതിയൊരു രുചിക്കൂട്ട് ആക്കി. അരിപ്പൊടിയിൽ നാടൻ ചക്ക അരച്ചുചേർത്ത് ചക്കപ്പിടിയും കോഴിക്കറിയും തിരുവനന്തപുരം ഭക്ഷ്യമേളയിൽ സൂപ്പർഹിറ്റായി. ആദ്യമായി കൈനിറയെ കാശ് കിട്ടി. പിന്നെ ചക്ക വിഭവങ്ങളുടെ പ്രളയമായിരുന്നു. ചക്ക അലുവ, ചക്ക ബജി, ചക്ക ബോളി, ചക്ക പായസം എന്നിങ്ങനെ യുഎഇയിലടക്കം ചക്ക ഫെസ്റ്റുമായി സഞ്ചരിച്ചു. നാട്ടിൽ ആരംഭിച്ച കാറ്ററിംഗ് യൂണിറ്റും വിജയിച്ചു.
2006 മുതൽ 2018 വരെ പോത്തനിക്കാട് കുടുംബശ്രീ ചെയർപേഴ്സണായി പ്രവർത്തിച്ചു. സ്ഥാനം ഒഴിഞ്ഞപ്പോൾ 5 ലക്ഷം രൂപ വായ്പയെടുത്ത് ചക്ക ഉണക്കാൻ ഒരു മെഷീൻ വാങ്ങി. 2020-ൽ 20000-ത്തോളം പച്ചച്ചക്ക വാങ്ങി 200 കിലോ ഉണക്കച്ചക്ക ചക്കയുണ്ട, ചക്കപ്പാനി, ചക്ക വറുത്തത്, ചക്ക അച്ചാർ, ചക്ക അട എന്നിവയുണ്ടാക്കി വിറ്റു. ചക്ക സീസൺ കഴിഞ്ഞപ്പോൾ ഡ്രയർ വെറുതേ കിടക്കുന്നതുകൊണ്ട് തേങ്ങ കൊണ്ട് കൊപ്ര ഉണ്ടാക്കി. ശുദ്ധമായ വെളിച്ചെണ്ണ ഉല്പാദിപ്പിക്കാൻ തുടങ്ങി. വില കൂടുതലാണെങ്കിലും എണ്ണ വിറ്റുപോകുന്നുണ്ട്. ചക്ക, കപ്പ, പൈനാപ്പിൾ, തേങ്ങ ചുരണ്ടിയത് എന്നിവ ഒരു ഏജന്റ് വഴി വിദേശത്തേക്കും കയറ്റുമതി ചെയ്തു.
തനിക്കു കിട്ടാതെപോയ വിദ്യാഭ്യാസം മക്കൾക്കു നൽകുന്നതിനു പ്രത്യേക ശ്രദ്ധയുണ്ടായി. അവർ പഠിച്ചു മിടുക്കരായി. ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നു. ഒരിടത്തരം വീടും പുരയിടവും സ്വന്തമായുണ്ട്. മല്ലിക തന്നെ ഓടിക്കുന്ന ഒരു സ്വിഫ്റ്റ് കാറും.
എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് തന്നോടൊപ്പമുള്ള കുടുംബശ്രീ അംഗങ്ങളെ മല്ലിക കൈവിട്ടില്ല എന്നുള്ളതാണ്. മല്ലികയ്ക്കുശേഷം കുടുംബശ്രീ പ്രസിഡന്റായ മഞ്ജു സാബുവും ഞാൻ ചെല്ലുമ്പോൾ മല്ലികയുടെ വീട്ടിൽ ഉണ്ടായിരുന്നു. അവർ പ്രീതി കുടുംബശ്രീ യൂണിറ്റിനെ എനിക്കു പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് – “അവർ 16 പേരും സംരംഭകരാണ്”. കാറ്റിംഗ് നടത്തുന്ന ബിന്ദു വിനോദും സംഘവും, ധാന്യങ്ങളും പലവ്യഞ്ജനങ്ങളും പൊടിക്കാനുള്ള മില്ല് നടത്തുന്ന പൊന്നമ്മാ ഗോപിയും സംഘവും, അച്ചാർ യൂണിറ്റ് നടത്തുന്ന ഷിജി രാജനും സംഘവും. പ്രായം ഏറെയുള്ള രണ്ടുപേർ കൃഷിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. കർഷക ഗ്രൂപ്പുകൾ ഉണ്ടാക്കാനും മുൻകൈയെടുത്തത് മല്ലിക തന്നെ. എല്ലാവരുടെയും ആത്മവിശ്വാസവും ഉത്സാഹവും പ്രത്യേകം പറയേണ്ടതു തന്നെ.
അഞ്ചുലക്ഷം രൂപ തിരിച്ചടച്ചു. ഇനി വ്യവസായമൊന്നു വിപുലീകരിക്കാൻ അഞ്ചുലക്ഷം രൂപ വായ്പയെടുക്കാൻ ശ്രമിക്കുകയാണു മല്ലിക. ബാങ്കുകാർ 9.5 ശതമാനം പലിശയാണ് ചോദിക്കുന്നത്. എസ്.സി വികസന കോർപ്പറേഷനിൽ നിന്നും സംരംഭകയെന്ന നിലയിൽ ഇതിലും കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടുമല്ലോയെന്ന് ഞാൻ പറഞ്ഞപ്പോൾ അതിനൊക്കെ വേണ്ടിവരുന്ന നൂലാമാലകളെക്കുറിച്ചാണ് മല്ലികയുടെ ആവലാതി. ഇതിനിടയിൽ മഞ്ജു സാബു മറ്റൊരു പരാതിയുംകൂടി പറഞ്ഞു. ജനകീയ ഹോട്ടലിനുള്ള സർക്കാർ സബ്സിഡി ലഭിച്ചിട്ടില്ല. സാധാനങ്ങളുടെയെല്ലാം വിലയും കൂടുന്നു. നഷ്ടംസഹിച്ച് മുന്നോട്ടുപോകാൻ പ്രയാസമാണ്.