മലയാളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് പ്രിയതാരം ഇന്നസെന്റ് വിട വാങ്ങുന്നത്. അര നൂറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്ന ഇന്നസെന്റിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവയ്ക്കാത്ത താരങ്ങളില്ല. ഇപ്പോഴിതാ ഇന്നസെന്റുമായുള്ള ഓര്‍മ്മ പങ്കിടുകയാണ് നടി അരുന്ധതി.
ഒരു പതിനേഴുകാരിയുടെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമാകാന്‍ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്.അപ്പനും മകളുമായി അഭിനയിക്കുന്നതുകൊണ്ട് ഒന്നിച്ച് കുറേ നേരം കിട്ടി ഞങ്ങള്‍ക്ക്. ഇടവേളകളില്‍ എപ്പോഴും അടുത്തിരിക്കാന്‍ കസേര നല്‍കും, വായിച്ച പുസ്തകങ്ങളെക്കുറിച്ച്, ഇഷ്ടമുള്ള മനുഷ്യരെക്കുറിച്ച്, എന്തിനെപ്പറ്റിയും നിറയെ വര്‍ത്തമാനം പറയാന്‍ പ്രോത്സാഹിപ്പിക്കും… മിക്കപ്പോഴും അദ്ദേഹം മടങ്ങുന്ന വണ്ടിയില്‍ കൂടെക്കൂട്ടും… സിനിമ സെറ്റ് പോലെ ശ്രേണീബദ്ധമായ ഒരു സ്ഥലത്ത് പതിനേഴു വയസ്സുള്ള ആളെ തന്നോളം പോന്ന വ്യക്തിയായി കാണാനുള്ള വലിപ്പമുണ്ടായിരുന്നു അദ്ദേഹത്തിന് -അരുന്ധതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉച്ചയായിട്ടും ഒരു വാട്സാപ് സ്റ്റേറ്റസ് പോലും കാണാതിരുന്നപ്പൊ അച്ഛന് മെസേജ് അയച്ചു ‘ നീ എന്താ ഒന്നും എഴുതാത്തത്’. അറിയില്ല അച്ഛാ എന്താ എഴുതേണ്ടതെന്ന്. എഴുത്തിനു വഴങ്ങാതെ നില്ക്കുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍.
ഒരു പതിനേഴുകാരിയുടെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമാകാന്‍ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്.അപ്പനും മകളുമായി അഭിനയിക്കുന്നതുകൊണ്ട് ഒന്നിച്ച് കുറേ നേരം കിട്ടി ഞങ്ങള്‍ക്ക്. ഇടവേളകളില്‍ എപ്പോഴും അടുത്തിരിക്കാന്‍ കസേര നല്‍കും, വായിച്ച പുസ്തകങ്ങളെക്കുറിച്ച്, ഇഷ്ടമുള്ള മനുഷ്യരെക്കുറിച്ച്, എന്തിനെപ്പറ്റിയും നിറയെ വര്‍ത്തമാനം പറയാന്‍ പ്രോത്സാഹിപ്പിക്കും… മിക്കപ്പോഴും അദ്ദേഹം മടങ്ങുന്ന വണ്ടിയില്‍ കൂടെക്കൂട്ടും… സിനിമ സെറ്റ് പോലെ ശ്രേണീബദ്ധമായ ഒരു സ്ഥലത്ത് പതിനേഴു വയസ്സുള്ള ആളെ തന്നോളം പോന്ന വ്യക്തിയായി കാണാനുള്ള വലിപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഒരു ദിവസം സെറ്റിലെത്തിയപാടെ സര് എന്നോട് ചോദിച്ചു ‘ നിനക്ക് വല്ലതും അറിയാമോ ദയ ബായി എന്ന ആളെപ്പറ്റി? അറിയുന്നതൊക്കെ പറയ് കേള്‍ക്കട്ടെ’. ലൊക്കേഷന്‍ അടുത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്. ദയ ബായി ആണത്രെ മുഖ്യാതിഥി. സ്മാര്‍ട് ഫോണിന് മുന്‍പുള്ള കാലമാണ്. ആഴ്ചപ്പതിപ്പിലും പത്രത്തിലുമൊക്ക വായിച്ചിട്ടുള്ള വിവരങ്ങള്‍ ഒരു സ്കൂള്‍ കുട്ടിയുടെ ധാരണകളാവും ഞാന്‍ പറഞ്ഞിട്ടുണ്ടാവുക. കുറച്ചു കഴിഞ്ഞ് ഇന്നസെന്റ് സര് വീണ്ടും വന്നു. ”നീ കഷ്ടപ്പെട്ട് ഇത്രയൊക്കെ എന്നെ പഠിപ്പിച്ചതല്ലേ നീയും വാ പരിപാടിക്ക്’ എന്ന് ചിരിച്ചു. ആ ചിരി അന്നുമുതല്‍ ഹൃദയത്തില്‍ പതിഞ്ഞുകിടക്കുന്നു.
അന്നാ വേദിയില്‍, ആ കുട്ടിയെ കൂടെക്കൂട്ടുക മാത്രമല്ല, പ്രസംഗത്തില്‍ അവളെപ്പറ്റി പറയുകയും, സംഘാടകര്‍ നല്കിയ സമ്മാനം ആ പെണ്‍കുട്ടിക്ക് കൊടുക്കുകയും ചെയ്തു ശ്രീ ഇന്നസെന്റ്. വീട്ടിലെ ലിവിങ് ഏരിയയുടെ ചുമരില്‍ ഇപ്പോഴും ആ സമ്മാനമുണ്ട്.
മുന്നോട്ടുള്ള കരിയര്‍ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്ന ഒരു കൗമാരക്കാരിക്ക് തെളിച്ചം കൊടുത്തത് ഇന്നസെന്റ് സാറാണ്. അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു academia ആണ് ഞാന്‍ പോകേണ്ട വഴിയെന്ന്. എന്റെ അച്ഛനോടും അമ്മയോടും അദ്ദേഹം അത് ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുകയും ചെയ്തു. വിട പറയുന്നില്ല, സര്. എല്ലാക്കാലവും ആദരവോടെ ഓര്‍ത്തുകൊണ്ടേയിരിക്കും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Farundhathi.bnalukettil%2Fposts%2Fpfbid0gHMczLG6ZeLyoxjzk9WsyNjnF5fwcQm7nNw5cbJW48oeyLbHqWtutE4bGq9DmQu2l&show_text=true&width=500