ലണ്ടന്‍: കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ സംഗീത കച്ചേരി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ഗായികയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഗായികയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ദൂരദര്‍ശനിലേയും റേഡിയോയിലേയും നിത്യ സാന്നിധ്യമായ ബോംബെ ജയശ്രീ, കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച സംഗീതജ്ഞയാണ്. സംഗീത അദ്ധ്യാപകരായ എന്‍.എന്‍. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ്.
















