തൊടുപുഴ: ചിന്നക്കനാൽ – ശാന്തൻപാറ മേഖകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ ശനിയാഴ്ച മയക്കുവെടി വച്ച് തളയ്ക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിക്കും.
ദൗത്യം നടക്കുന്ന ചിന്നക്കനാല്‍ പഞ്ചായത്തിലെ വാർഡുകളില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. മിഷന് അരിക്കൊമ്പന് ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും. പ്രദേശത്ത് നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും.
301 കോളനി മേഖലയിൽ നിന്ന് ശനിയാഴ്ച പുലർച്ചെ നാലിന് ദൗത്യം ആരംഭിക്കും. 71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന് അരിക്കൊമ്പന്റെ ഭാഗമാകുന്നത്. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യ സംഘത്തിന്റെ ഭാഗമാകുന്ന കുങ്കിയാന സൂര്യനെ മുത്തങ്ങയില്‍ നിന്ന് ഇടുക്കിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ആര്‍ആര്‍ടി റേഞ്ചര്‍ രൂപേഷ് അടക്കമുള്ള ആര്‍ആര്‍ടി സംഘവും വെറ്റിനറി സര്ജന് ഡോ. അജേഷും അടങ്ങുന്ന സംഘവും ഇന്ന് വയനാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് തിരിച്ചു. മുന്‍പും പല ഓപ്പറേഷനുകളുടെയും ഭാഗമായ കുങ്കിയാനയാണ് സൂര്യന്. കഴിഞ്ഞ ദിവസം വിക്രം എന്ന് പേരുള്ള കുങ്കിയേ ഇടുക്കിയില്‍ എത്തിച്ചിരുന്നു. സുരേന്ദ്രന്, കുഞ്ചു എന്നീ കുങ്കിയാനകളെ അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലെത്തിക്കും.
















