മൂന്നാര്‍: സൂര്യന് താഴെയുള്ള ഒരു ശക്തിക്കും അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണം തടയാനാകില്ലെന്ന് മുന്‍ മന്ത്രി എം.എം. മണി. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനു പിന്നാലെയാണ് മണിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
‘ഏത് പുല്ലന് വന്നാലും ഇത് തടയാന്‍ പറ്റില്ല. അതാണ്. ആര് തടയാന്‍ വന്നാലും നമ്മള് നിര്‍മാണം പുനരാരംഭിക്കും. നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം. നല്ല ഭംഗിയായി അത് നടത്തണം. സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള് സ്വീകരിക്കേണ്ട കാര്യമില്ല. തടയാന്‍ ആര് വന്നാലും വഴങ്ങാന്‍ പാടില്ല. നടത്തുകതന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അത് പറയേണ്ട കാര്യമില്ല’ – എം.എം മണി പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയമൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിനുള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് മൂന്നാര്‍ സഹകരണ ബാങ്ക്അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങുന്നത്. സിപിഎമ്മാണ് മൂന്നാര്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. എന്നാല്‍ ഇത് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍ഒസി) ഇല്ലാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജാറാം ഹൈക്കോടതിയെ സമീപിച്ചു.
ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പിന്നീട് സബ് കളക്ടറും സ്റ്റോപ്പ് മെമ്മോ നല്കി.