ചെന്നൈ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി വാർഷികാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് സമാപിക്കും. വ്യാഴാഴ്ച സമൂഹ വിവാഹ ചടങ്ങോടെയാണ് ചെന്നൈയിൽ സമ്മേളനം ആരംഭിച്ചത്. സ്വാതന്ത്രാനന്തരം മുസ്ലിം ലീഗ് പ്രവർത്തനം ഇന്ത്യയിൽ തുടരാൻ തീരുമാനമെടുത്ത നിർണായക യോഗത്തിന്റെ പുനരാവിഷ്കാരമാണ് രാജാജി ഹാളിൽ രാവിലെ ഒമ്പതിന് നടക്കുക. 1948 മാർച്ച് 10ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ നേതൃത്വത്തിലായിരുന്നു ലീഗിന്റെ നിർണായക യോഗം ചേർന്നത്. ജസ്റ്റിസ് ജി.എം. അക്ബറലി ചടങ്ങിൽ മുഖ്യാതിഥിയാകും.
രാജാജി ഹാൾ ഇപ്പോൾ പൊതുപരിപാടികൾക്ക് നൽകാറില്ല. ലീഗിന്റെ ചരിത്രസമ്മേളനത്തിന് സർക്കാർ പ്രത്യേകം വിട്ടുനൽകുകയായിരുന്നു. പാർട്ടിയെ പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും പ്രതിനിധികളും വിവിധ ഭാഷകളിൽ പ്രതിജ്ഞയെടുക്കും.
വൈകീട്ട് മൂന്നിന് കൊട്ടിവാക്കം രാജീവ് ഗാന്ധി റോഡിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ ഗ്രീൻ ഗാർഡ് പരേഡ് നടക്കും. 3.30 മുതൽ അഞ്ചുവരെ ലീഗ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടിയാണ്. 6.45ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയായി പങ്കെടുക്കും.