തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. ആറ് എല്‍ഡിഎഫ് വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. അതേസമയം, തിരുവല്ല കല്ലൂപ്പാറയില്‍ ബിജെപി അട്ടിമറി വിജയം നേടി.
കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12ാം വാര്‍ഡ്, കോഴിക്കോട് ചെറുവണ്ണൂരിലെ 15ാം വാര്‍ഡ്, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡ്, തൃത്താല പഞ്ചായത്തിലെ നാലാം വാര്‍ഡ്, തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഇവയാണ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.
തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന ബീനാരാജീവ് രാജിവച്ച് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.
പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടുഭാഗത്ത് എല്‍ഡിഎഫ് സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അട്ടിമറി ജയം നേടി. മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യുഡിഎഫ് വിജയിച്ചു. മൂന്ന് വാര്‍ഡുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരു വാര്‍ഡ് തിരിച്ചു പിടിച്ചു.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റും എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. തൃശൂര്‍ കടങ്ങോട് പഞ്ചായത്ത് 14-ാം വാര്‍ഡ് ചിറ്റിലങ്ങാട് സിപിഎം നിലനിര്‍ത്തി.
വയനാട് ബത്തേരി നഗരസഭ പാളാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ എസ് പ്രമോദ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 204 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഡിഎഫ് നേട്ടം കൈവരിച്ചത്. മലപ്പുറം കരുളായി ചക്കിട്ടാമല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പി മുംതാസ് ആണു വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനത്തു തുടരാം.