തിരുവനന്തപുരം: മലയാളം സര്‍വകലാശാല വി.സി നിയമനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ ഇതുസംബന്ധിച്ച കത്തുനല്‍കി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നത് എന്ന ചോദ്യം ഗവര്‍ണര്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലറുടെ പ്രതിനിധിയെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല വി.സി നിയമനത്തിന് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നത് സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയെങ്കിലും അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. വിഷയം ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണ്.
ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വയനാട്ടിൽ മാധ്യമങ്ങളെ കാണവേയായിരുന്നു എം വി ഗോവിന്ദന്റെ വിമർശനം.
സർവകലാശാല – ലോകായുക്ത നിയമ ഭേദഗതി ബില്ലുകളിലാണ് ഗവർണർ ഇപ്പോഴും ഉടക്കിട്ടു നിൽക്കുന്നത്. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകിയെങ്കിലും, ബില്ലുകളിൽ കൂടുതൽ പരിശോധനയും പഠനവും വേണമെന്ന നിലപാടിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ചു മന്ത്രിമാർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഇനിയും വ്യക്തത വേണമെന്ന ഗവർണറുടെ നിലപാട്, വെല്ലുവിളിയായിട്ടാണ് സർക്കാർ കാണുന്നത്.