തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മി ദീപ്തിക്ക് കോടതി വ്യവസ്ഥകളോടെ ജാമ്യം നല്കി.
എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് കോടതി നിർദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽകണമെന്നും ജാമ്യ ഉപാധിയില്‍ പറയുന്നു. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് പരാതിക്കാരൻ. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സീരിസിന്റെ ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടിരുന്നു. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.