ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ നടക്കുന്ന പൊങ്കാല എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സി സി ടി വികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡി സി പി അജിത് വി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.
ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോള്‍ റൂമും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും ഏര്‍പ്പെടുത്തും. പൊങ്കാലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ശുചിത്വമിഷനും കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി ഉറപ്പാക്കും. 27 മുതല്‍ കെ എസ് ആര്‍ ടി സി പത്ത് വീതം ദീര്‍ഘ, ഹ്രസ്വ ദൂര സര്‍വ്വീസുകളും ഇലക്ട്രിക് ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകള്‍ സര്‍വീസ് നടത്തും. മുന്‍വര്‍ഷം 250 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി 1270 താല്‍കാലിക ടാപ്പുകള്‍ സജ്ജീകരിക്കും. കോര്‍പ്പറേഷനിലെ 40 വാര്‍ഡുകളിലായി 4500 ഓളം തെരുവുവിളക്കുകള്‍ കെ എസ് ഇ ബി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കും.