സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം മുതൽ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി അൻപതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകൾക്ക് ഗ്രേഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എംഎൽഎ എഡ്യുകെയർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്‌കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക സംഘടനകളോടും രാഷ്ട്രീയപാർട്ടികളോടും ഇത് സംബന്ധിച്ച ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. അധ്യാപകർ തമ്മിലുള്ള തർക്കം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.