പത്തനംതിട്ട; അടൂര്‍ മാരൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുറുംബകര ചെമ്മണ്ണക്കല്‍ സ്വദേശി അനീഷ് (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി കസ്റ്റഡിയില്‍ എടുത്ത അനീഷിന്റെ അറസ്റ്റ് ചൊവ്വാഴ്ച രാത്രിയോടെ രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ ഇതുവരെ 12 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തില്‍ ചാങ്കൂര്‍ ഒഴുകുപാറ വടക്കേച്ചരുവില്‍ സുജാത(64) ആണ് കൊല്ലപ്പെട്ടത്. ആക്രമികള്‍ എത്തുമ്‌ബോള്‍ വീട്ടില്‍ സുജാത തനിച്ചായിരുന്നു. വീട്ടമ്മയെ കമ്ബി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം. സുജാതയുടെ രണ്ടുമക്കളും പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. ഇവരെ തേടിയെത്തിയവരാണ് സുജാതയെ കൊലപ്പെടുത്തിയത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.