പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സ്വാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മയില്‍സ്വാമി.
1984ല്‍ കെ ഭാഗ്യരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സ്വാമി ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്, വീരം, കാഞ്ചന, കണ്കളെ കൈത് സെയ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കണ്കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്റെ മികച്ച കൊമേഡിയനുള്ള പുരസ്കാരവും മയില്‍സ്വാമിയ്ക്ക് ലഭിച്ചു.
സിനിമാ അഭിനയത്തിനു പുറമെ സ്റ്റേജ് പെര്‍ഫോമര്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്, നാടക നടന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മയില്‍സ്വാമി. നെഞ്ചുക്കു നീതി, വീട്ല വിശേഷം, ദി ലെജന്‍ഡ് തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.