കൊച്ചി: ശിവരാത്രി മഹോത്സവം പ്രമാണിച്ച് ആലുവയിൽ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏർപ്പെടുത്തി. ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 18 രാവിലെ 6 മുതൽ 19 ന് ഉച്ചയ്ക്ക് 2 വരെ ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകളക്ടർ അറിയിച്ചിച്ചിട്ടുണ്ട്.
ക്രമസമാധാന പ്രശ്‌നങ്ങളോ അപകടങ്ങളോ ഇല്ലാതെ ശിവരാത്രിയുടെ ചടങ്ങുകൾ പൂർത്തീകരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു.
ആലുവ മണപ്പുറത്തെ ശിവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായി. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും ആലുവ നഗരസഭയും ഒരുക്കിയിരിക്കുന്നത്. ബലി തർപ്പണത്തിനായി പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച തുടങ്ങുന്ന ബലിതർപ്പണം തിങ്കളാഴ്ച രാവിലെ 11 മണി വരെ തുടരും. സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെയാണ് വിനിയോഗിക്കുക. കെഎസ്ആർടിസി 210 പ്രത്യേക സർവ്വീസുകൾ നടത്തും. സ്വകാര്യ ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റ് നൽകും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സർവ്വീസ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
ശിവരാത്രി നാളിൽ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി നേതൃത്വം നൽകും. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കുന്നുണ്ട്.