തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് നേതൃത്വം തീരുമാനിക്കട്ടെ എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇക്കാര്യത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചിട്ടില്ല . താൻ മൽസരത്തിനില്ലെന്നും തരൂർ വ്യക്തമാക്കി .
‘തിരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യും. അത് രാഹുൽ ഗാന്ധിയുടേയും തീരുമാനമായിരുന്നു. വീണ്ടും ഒരു തിരഞ്ഞെടുപ്പ് വേണോ എന്ന് ജയിച്ചവർ തീരുമാനിക്കട്ടെ. പാർട്ടിയെ നന്നാക്കാൻ വേണ്ടിയിട്ടായിരുന്നു അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എനിക്കൊരു പദവി വേണമെന്ന് വിചാരിച്ചിട്ടല്ല. വെറുമൊരു സ്ഥാനത്തിന് വേണ്ടി മത്സരിക്കാൻ ഉദ്ദേശമില്ല’- തരൂർ പറഞ്ഞു.
തിരഞ്ഞെടുപ്പ് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ തിരഞ്ഞെടുപ്പ് വേണമെന്നും പറഞ്ഞിട്ടില്ല. തീരുമാനമെടുക്കുന്നവർ തീരുമാനിക്കട്ടെ. ഒരു പ്രതിനിധിയായി ഞാൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ‘ഇല്ല, പ്രത്യേകിച്ച് അങ്ങനെ ആഗ്രഹമില്ല’ തരൂർ പറഞ്ഞു.
അതേസമയം കൊടിക്കുന്നിൽ സുരേഷിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂർ പറഞ്ഞു. ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും ആയിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞിരുന്നു.