തൊടുപുഴ: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചതായി പരാതി. വാഗമണിലെ വാഗാലാന്‍ഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയില്‍ നിന്നാണ് കോഴിക്കോട് നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ത്ഥികളുടെ സംഘത്തിന് പുഴുവിനെ ലഭിച്ചത്.
മുട്ടക്കറി കഴിച്ചതോടെ ചില കുട്ടികള്‍ക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. കൂടാതെ മറ്റ് നാലു കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഇതേതുടര്‍ന്ന് ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ത്ഥികളെ ഹോട്ടലുടമയും തൊഴിലാളികളും ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പുഴുവിനെ ലഭിച്ച കാര്യം അധ്യാപകരും വിദ്യാര്‍ത്ഥികളും ഹോട്ടല്‍ ഉടമയെ അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. പിന്നീട് അധ്യാപകര്‍ വിവരം വാഗമണ്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അധികൃതരെത്തി ഹോട്ടലിനകത്ത് പരിശോധന നടത്തി. പിന്നാലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. ഹോട്ടല്‍ പൂട്ടിച്ചു.