കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്.
കൊച്ചി മാധവഫാര്‍മസി ജംഗ്ഷനിലെ സിഗ്നലില്‍ വച്ച് ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈപ്പിന്‍ സ്വദേശി ആന്റണി(46) ആണ് മരിച്ചത്. ബസിടിച്ച് താഴെ വീണ ആന്റണിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസിടിച്ചായിരുന്നു അപകടം നടന്നത്.
അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുത്തെ മതിയാവൂ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതി തുറന്ന മുറിയില്‍ കണ്ടു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകയായിരുന്നു.