തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ സിപിഎം നേതാവ് പി.കെ. ശ്രീമതി. ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമർശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു.
സുരേന്ദ്രൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനല്ലേ സുരേന്ദ്രനെന്ന് ചോദിച്ച പി.കെ ശ്രീമതി ഇത്രയും നിന്ദ്യവും മ്ലേച്ഛവുമായ പരാമർശം സംസ്ഥാനത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവരുടെ പ്രതികരണം.
സംസ്കാര സമ്പന്നരായ മലയാളികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാൾക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാൻ സുരേന്ദ്രൻ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. അങ്ങേ അറ്റം പ്രതിഷേധാർഹമായ സുരേന്ദ്രന്റെ പ്രസ്താവന. വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.
അതേസമയം, സുരേന്ദ്രന് മറുപടി പറയാൻ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ സംസ്‌കാരത്തിനനുസരിച്ച് സംസാരിച്ചുവെന്നും ചിന്ത ജെറോം പ്രതികരിച്ചു.
ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കളക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്‍റെ പ്രതികരണമാണ് താനും നടത്തിയതെന്നും കെ സുരേന്ദ്രൻ ന്യായീകരിച്ചു.