തിരുവനന്തപുരം: നികുതി സെസ് വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ എംഎല്‍എമാരുടെ കാല്‍നട പ്രതിഷേധം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്കാണ് യുഡിഎഫ് എംഎല്‍എമാര്‍ നടന്ന് പ്രതിഷേധിച്ചത്. സഭാ സമ്മേളനത്തിന്റെ ഇടവേളയില്‍ പ്രക്ഷോഭം എങ്ങനെ വേണമെന്ന് പാര്‍ട്ടിയിലേയും മുന്നണിയിലേയും നേതാക്കള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സമരത്തോട് സര്‍ക്കാരിന് പുച്ഛമാണ്. നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി എല്ലാം മറന്നെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
അതേസമയം, സഭയ്ക്ക് മുന്നില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ജില്ലാ തലത്തില്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.