കൊച്ചി / പത്തനംതിട്ട/: സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പത്തനംതിട്ടയിലും കൊച്ചിയിലുമാണ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൊച്ചിയില്‍ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം, പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കൂകി വിളിച്ചു. ബാരിക്കേഡുകള്‍ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത്.